നിന്റെ ഓർമ്മകൾ, എന്നിൽ
പുഴയായ് ഒഴുകുന്നു.
നിന്നിൽ തുടങ്ങി
എന്നിൽ അവസാനിക്കുന്ന പുഴ.
ഈ ഓർമ്മകളിൽ
എനിക്കൊരു കവിത തീർക്കണം,
പക്ഷേ, തൂലികയിൽ മൗനം
മഷിയും, അക്ഷരങ്ങളും പിണങ്ങുന്നു.
എങ്ങിലും ഈ കവിത
ഞാൻ പൂർത്തിയാക്കും.
എന്നിലെ ഞരമ്പുകൾ
തൂലികയാക്കും.
കവിത പൂർണ്ണമാകുമ്പോൾ
ഹൃദയമിടിപ്പ് നിലയ്ക്കും
അപ്പോൾ അക്ഷരങ്ങൾക്ക്
ഗുൽമോഹറിന്റെ നിറമായിരിക്കും.
രക്തം കുടിച്ച കവിത
കൂനനുറുമ്പുകൾ
നിനക്ക് കാഴ്ച്ചവെയ്ക്കും.
ആ അക്ഷരങ്ങൾ നിന്റെ
കണ്ണിലൂടെ സഞ്ചരിക്കുമ്പോൾ
അവയ്ക്ക് ജീവനുണ്ടാകും
അങ്ങിനെ, ഞാനും
എന്റെ കവിതയും
നിന്നിലൂടെ ജീവിക്കും....!





