Saturday, 4 May 2013

രക്തം കുടിച്ച കവിത



നിന്റെ ഓർമ്മകൾ, എന്നിൽ
പുഴയായ്‌ ഒഴുകുന്നു.
നിന്നിൽ തുടങ്ങി
എന്നിൽ അവസാനിക്കുന്ന പുഴ.
ഈ ഓർമ്മകളിൽ
എനിക്കൊരു കവിത തീർക്കണം,
പക്ഷേ, തൂലികയിൽ മൗനം
മഷിയും, അക്ഷരങ്ങളും പിണങ്ങുന്നു.
എങ്ങിലും ഈ കവിത
ഞാൻ പൂർത്തിയാക്കും.
എന്നിലെ ഞരമ്പുകൾ
തൂലികയാക്കും.
കവിത പൂർണ്ണമാകുമ്പോൾ
ഹൃദയമിടിപ്പ്‌ നിലയ്ക്കും
അപ്പോൾ അക്ഷരങ്ങൾക്ക്‌
ഗുൽമോഹറിന്റെ നിറമായിരിക്കും.
രക്തം കുടിച്ച കവിത
കൂനനുറുമ്പുകൾ
നിനക്ക്‌ കാഴ്ച്ചവെയ്ക്കും.
ആ അക്ഷരങ്ങൾ നിന്റെ
കണ്ണിലൂടെ സഞ്ചരിക്കുമ്പോൾ
അവയ്ക്ക്‌ ജീവനുണ്ടാകും
അങ്ങിനെ, ഞാനും
എന്റെ കവിതയും
നിന്നിലൂടെ ജീവിക്കും....!

Friday, 3 May 2013

വേനല്‍മഴ



വിറങ്ങലിച്ചു കിടക്കുന്ന പകല്‍
പൊന്തപ്പടര്‍പ്പുകള്‍ വെട്ടിമാറ്റി
വഴിതെളിച്ചു വരുന്ന വെയില്‍
വെയില്‍ ശരീരത്തെ ഇല്ലാതാക്കുന്നു.
ഒരു മഴയും കാത്ത് രണ്ട് ശരീരങ്ങള്‍
ഞാനും, അവളും.

എന്താണ് നീ പെയ്യാതിരിക്കുന്നത് ?
ആരോടാണ് നിന്‍റെ മൗനം ?

ഞങ്ങള്‍ക്കിടയില്‍ അകലം,
അത് കാര്‍ന്നു തിന്നാന്‍
രാക്ഷസക്കണ്ണുള്ള ജഡങ്ങള്‍
അകലെ ബലിചോറ് കാത്ത് കാക്കകള്‍ .

എന്‍ കണ്ണില്‍ മരണം ജ്വലിക്കുന്നു
പ്രാര്‍ത്ഥന എന്നപ്പോള്‍
അവള്‍ ചുംബിച്ചു.
മഴയെ ശപിച്ച്, കരഞ്ഞു.

മേഘങ്ങളെ കീറിമുറിച്ച്
പൊള്ളുന്ന മണ്ണിനോട്
അരിശം തീര്‍ത്ത് മഴ പെയ്തു.
അതില്‍ നനഞ്ഞ്
ദേഹങ്ങള്‍ ഒന്നായി.
ഞങ്ങളിലെ അകലം
പിണക്കമെന്നോണം തിരിഞ്ഞു നടന്നു.
രാക്ഷസ ജഡങ്ങള്‍ ,
മണ്ണില്‍ അലിഞ്ഞുചേര്‍ന്നു,
കാക്കകള്‍ ബലിപിണ്ഡം കിട്ടാതെ
കരഞ്ഞുകൊണ്ട് പറന്നു.

പകലും രാത്രിയും
തുടര്‍ച്ചയായി പെയ്തിട്ടും
മഴ തോര്‍ന്നില്ല....!!!

പ്രണയം പുഴയാകുമ്പോൾ



ആകാശച്ചെരുവിൽ
സ്വപ്ന ലോകത്തിന്റെ
കവാടം തുറന്ന്
സ്വർണ്ണപ്പടികളിലൂടെ
അവൾ ഇറങ്ങി വന്നു.
ഇളം കാറ്റിന്റെ
സ്പർ ശനം പ്പോൽ
എന്നിലേക്ക്‌ അടുത്തു.
ആ കണ്ണുകൾക്ക്‌
നക്ഷത്രങ്ങളുടെ ശോഭ,
ചിരി മങ്ങിയ മുഖത്ത്‌
കല്ലുപ്പോലെ ഉറച്ച
മാംശപേശികൾ മാത്രം.
കൈക്കുമ്പിൾ നിറയെ
വാകപ്പൂക്കൾ.

എന്റെ മനസ്സിൽ
അവളുടെ ഓർമ്മകൾ നിറഞ്ഞു.
അഴിഞ്ഞുപ്പോയ ചമയങ്ങൾ
ഞാൻ പിന്നെയും
തുന്നിച്ചേർത്തു.

ഇടക്കെപ്പോഴൊ
ഒന്ന് പുഞ്ചിരിച്ച്‌,
വാകപ്പൂക്കൾക്കിടയിൽ നിന്ന്
പ്രണയത്തിൻ കഠാര
തിരഞ്ഞെടുത്ത്‌
എൻ ഹൃദയത്തെ അവൾ
രണ്ടാക്കി പിളർന്നു.
ഇരുണ്ട ഗുഹയിൽ നിന്ന്
ഒറ്റച്ചാൽ നീരുപ്പോലെ
രക്തം പുറത്തേകൊഴുകി.

ആ രക്തം
അവൾ നെറുകെയിൽ ചാർത്തി.
നെറ്റിയിലൂടെ ഒഴുകിയിറങ്ങി
പുരികങ്ങൾക്കിടയിലെ
പൊട്ടില്ലാത്ത
നാൽക്കവലയും കടന്ന്
ഒരു പുഴയായ്‌ ഒഴുകി...!!!


ഇനി ഒരിക്കൽ
നീ എൻ മുറിയിലെത്തുമ്പോൾ
മൗനം കുടിച്ച്‌ കിടക്കുന്ന
മുറിയിൽ,
കൊത്തിതീരാത്ത ശിൽപവും,
പൂർണ്ണമാകാത്ത കവിതകളും കാണാം.
മുകളിൽ തൂങ്ങിയാടുന്ന
ഒരു മുഴം കയറിൽ
മുറിവുണങ്ങാത്ത ഹൃദയവും,
വാടിയ പനിനീർപ്പൂവിന്റെ ഗന്ധവും.
താഴെക്കിടക്കുന്ന
കടലാസ്സ്‌ തുണ്ടിൽ
അൽപം മഷികൊണ്ട്‌
നീ നിരത്തിയ വാക്കുകളും,
"ഇനി നമ്മുക്ക്‌ പിരിയാൻ നേരമായ്‌"


ഈ പുഷ്പം
ഞാനായിരുന്നു.
ഇലകൾ നിനക്കുള്ള
പ്രണയലേഖനങ്ങളും,
ഇതളുകൾ
ചുംബനങ്ങളും,
സുഗന്ധം
പ്രണയവുമായിരുന്നു.
പൂർണ്ണചന്ദ്രനെ സാക്ഷിനിർത്തി
പുഴയുടെ ഗർഭപാത്രത്തിൽ
നീ എന്നെ ഉപേക്ഷിച്ചപ്പോൾ
എനിക്ക്‌ നഷ്ടപ്പെട്ടത്‌
ഒരു വസന്തമായിരുന്നു,
പ്രണയമായിരുന്നു...!!!
 



ഈ അവസാന സന്ധ്യയിൽ
നിലാവിന്റെ പ്രഭയിൽ
കുളിച്ചുനിൽക്കുന്ന
നിന്റെ കണ്ണുകൾക്ക്‌
കുന്തമുനയുടെ മൂർച്ച,
നെറ്റിയിലെ നാൽക്കവലയിൽ
രക്തത്തിന്റെ ചുവപ്പ്‌,
നെഞ്ചിലെ വിയർപ്പ്‌ തുള്ളികൾക്ക്‌
മരണത്തിന്റെ ഗന്ധം.
ഇനി അവസാനമായി നിന്നെ ചുംബിച്ച്‌
ആ രതിമൂർച്ചയിൽ ഞാൻ
നിന്നിൽ അലിഞ്ഞുച്ചേരട്ടേ...!!!
 —